ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം പറയുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ. പറയുന്നത് തന്നെ മാറി മാറി പറയുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലുടെ കാര്യത്തിൽ കോൺഗ്രസിന് എന്തെങ്കിലും അഭിപ്രായമുണ്ടോ?. ബിജെപിക്ക് അഭിപ്രായമുണ്ടായിരുന്നു. ബാക്കി എല്ലാ പാർട്ടികൾക്കും അഭിപ്രായം ഉണ്ടായിരുന്നു. അഭിപ്രായമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ബിജെപിയോട് പിണക്കമില്ലെന്നും ഇണക്കവും പിണക്കവും വിഷയാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ പതിനൊന്നുമണിയോടെയാണ് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിൽ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദർശിക്കുന്നയാളാണ് താനെന്നുമാണ് മുരളീധരൻ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാറുണ്ടെന്നും താൻ വന്നത് പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളി നടേശൻ എത്തിയത് ചർച്ചയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. ആഗോള സംഗമം നടത്താനുള്ള തീരുമാനം മികച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.
