കോട്ടയം : ചോറും ബാഗും യൂണിഫോമും ഒക്കെ അണിയിച്ച് നമ്മൾ ഒരുക്കി വിടുന്ന നമ്മുടെ മക്കൾ സ്കൂളിൽ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ട കാലമാണിത്. സ്കൂൾ യൂണിഫോമിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സംഘം ചേർന്ന് പൂവാലന്മാർ നെഹ്റു സ്റ്റേഡിയത്തിന്റെ ഗാലറിയിൽ എത്തുന്നത്. പൊലീസോ അധികാരികളോ വരുന്നത് അറിയിക്കാനായി ഇവരുടെ കൂട്ടുകാരുടെ മറ്റൊരു സംഘം കാവലിന് നിൽക്കും.
നഗരമദ്ധ്യത്തിലാണ് പ്രമുഖ സ്കൂളുകളിലെ യൂണിഫോം ധരിച്ച പെൺകുട്ടികളെയും കൊണ്ട് ക്രിമിനലുകളും ലഹരിക്കടിമയായവരും ഉൾപ്പടെയുള്ളവർ എത്തി നടത്തുന്ന ലൈംഗിക ചേഷ്ഠകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തവരും കോളേജ് വിദ്യാർത്ഥികളുമെല്ലാം സംഘങ്ങളായി വന്നാണ് ഗാലറിയുടെ മുകളിൽ കുടകൊണ്ട് മറച്ചും മറയ്ക്കാതെയുമൊക്കെ ഇരിക്കുന്നത്. നട്ടുച്ചസമയത്ത് സാധാരണ സ്റ്റേഡിയത്തിൽ ആരും കാണാറില്ല. ഈ സമയത്താണ് ഇവർ ഇതിനായാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ വഴിയിലൂടെ പോകുന്നവർക്ക് ഇവരുടെ കാമചേഷ്ടകൾ വ്യക്തമായി കാണുവാൻ സാധിക്കും. സമീപത്തെ കടകളിലെ ജീവനക്കാരും നാട്ടുകാരും അധികാരികളോട് പരാതി പറഞ്ഞ് മടുത്ത അവസ്ഥയിലാണ്. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞെങ്കിൽ മാത്രമേ നടപടി എടുക്കൂ എന്ന മട്ടിലാണ് പൊലീസും ജില്ലാ ഭരണകൂടവും.
