തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്‌നർ കപ്പൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട് പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പൽ ആയി ഇന്ന് പുലർച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോർഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. 17.1 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കപ്പൽ ഇന്നു പുലർച്ചെ 4 മണിയോടെയാണ് വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തത്.
17 മീറ്റർ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യൻ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോർഡ്. ഇതുവരെ വിഴിഞ്ഞം കൈകാര്യം ചെയ്ത 500 കപ്പലുകളിൽ 30 എണ്ണം അൾട്രാ ലാർജ് കണ്ടെയ്‌നർ വെസൽസ് ആണ്. 2024 ഡിസംബറിൽ ആരംഭിച്ച വാണിജ്യ പ്രവർത്തനങ്ങൾക്കു പിന്നാലെ വെറും പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു.
ലോക ചരക്കു കപ്പൽ ഗതാഗതത്തിൽ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവിൽ വന്നെത്തിയ 500 കപ്പലുകൾ എന്ന് തുറമുഖമന്ത്രി വിഎൻ വാസവൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
