പാരിസ്: പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ 2025ലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി. വനിതകളിൽ തുടരെ മൂന്നാം വട്ടവും സ്‌പെയിനിന്റെ അയ്റ്റാന ബോൺമാറ്റി മികച്ച താരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്‌പെയിനിന്റെ ബാഴ്‌സലോണ കൗമാര താരം ലമീൻ യമാലിനാണ്. കോപ്പ അവാർഡ് നിലനിർത്തുന്ന ആദ്യ താരമായും യമാൽ മാറി.
ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സീസണിൽ പിസ്ജിയെ ഫ്രഞ്ച് ലീഗ് വൺ, ചാംപ്യൻസ് ലീഗ് അടക്കമുള്ള കിരീട നേട്ടങ്ങളിലേക്ക് നയിച്ച് ഡെംബലെ നിർണായക സാന്നിധ്യമായി നിന്നു. സീസണിൽ താരം ക്ലബിനായി 35 ഗോളുകളാണ് നേടിയത്. ബാല്ലൺ ഡി ഓർ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമായും ഡെംബലെ മാറി.
മറ്റ് പുരസ്‌കാരങ്ങൾ
മികച്ച പുരുഷ ടീം: പിഎസ്ജി
മികച്ച വനിത ടീം: ആഴ്‌സണൽ
മികച്ച പുരുഷ പരിശീലകൻ: പിഎസ്ജി കോച്ച് ലൂയീസ് എന്റിക്വെ
മികച്ച വനിതാ പരിശീലക: ഇംഗ്ലണ്ട് കോച്ച് സറിന വീഗ്മൻ
മികച്ച ഗോൾ കീപ്പർ: ജിയാൻലൂയി ഡൊണ്ണാരുമ (പിഎസ്ജി). നിലവിൽ താരം മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പറാണ്.
വനിതകളിലെ മികച്ച ഗോൾ കീപ്പർ: ഹന്ന ഹാംപ്ടൻ (ചെൽസി)
മികച്ച വനിതാ യുവ താരം: ബാഴ്‌സലോണയുടെ വിക്കി ലോപസ്.
കൂടുതൽ ഗോൾ നേടിയ പുരുഷ സ്‌ട്രൈക്കർ: വിക്ടർ ഗ്യോകേഴ്‌സ് (സ്‌പോർടിങ്) നിലവിൽ താരം ആഴ്‌സണലിനായി കളിക്കുന്നു.
കൂടുതൽ ഗോൾ നേടിയ വനിതാ താരം: ഇവ പാജർ (ബാഴ്‌സലോണ).
