സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദന്‍; എന്നെ പഠിപ്പിക്കാന്‍ വരണ്ട; വിഡി സതീശന്‍

കൊച്ചി: സ്ത്രീകൾക്കെതിരായ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദനെന്നും ഇക്കാര്യത്തിൽ തന്നെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആന്തൂരിലെ സാജൻ ആത്മഹത്യ ചെയ്തപ്പോൾ അവിടുത്തെ നഗരസഭാ ചെയർപേഴ്‌സണെ ഒന്നാം പ്രതിയാക്കാതിരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പത്രത്തിൽ അപവാദപ്രചാരണം തുടങ്ങിവച്ച ആളാണ് ഗോവിന്ദൻ. അയാൾ സ്ത്രീകൾക്കെതിരായ അപവാദപ്രചാരണത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


കോൺഗ്രസിന് മുന്നിൽ ഒരാക്ഷേപം വന്നപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്ത കാര്യമാണ് ചെയ്തത്. സിപിഎം നേതാക്കൻമാർക്കെതിരെ പുറത്തുവന്ന കാര്യം അന്വേഷിക്കേണ്ടത് അവരാണ്്. വിഎസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരുവ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ആദ്യം ഇക്കാര്യം വന്നത്. കോൺഗ്രസ് ഹാൻഡിലുകൾ അത് പ്രചരിപ്പിച്ചുകാണും. കഴിഞ്ഞ ഒരുമാസമായി കോൺഗ്രസ് നേതാക്കൾക്കെതിരെ ഏകപക്ഷീയമായി ഇത്തരം ആക്ഷേപങ്ങൾ വന്നപ്പോൾ ഒരു സ്ത്രീ പക്ഷവും മനുഷ്യാവകാശവും കണ്ടില്ല. കെജെ ഷൈന്റെ പരാതിയിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് നല്ലകാര്യം. ഉമ്മൻ ചാണ്ടിയുടെ മകളെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് അപമാനിച്ചല്ലോ?. അതിനുമുൻപ് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ നിയമസഭയിൽ വച്ച് അപമാനിച്ചു. എന്നിട്ട് പരാതി കൊടത്തു. കേസ് എടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. സൈബർ ആക്രമണത്തിൽ ഇരട്ടനീതിയാണ് ഈ സർക്കാർ കാണിക്കുന്നത് വിഡി സതീശൻ പറഞ്ഞു.

ഭക്തിയുടെ പരിവേഷമണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമവേദിയിൽ സംസാരിച്ചതെന്ന് സതീശൻ പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിനായി പൊലീസിന്റെ സഹായത്തോടെ സർക്കാർ നടത്തിയ ക്രൂരകൃത്യങ്ങൾ മറച്ചുവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒൻപതര വർഷമായി ശബരിമലയിൽ യാതൊരു വികസനവും നടപ്പാക്കാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാസ്റ്റർപ്ലാനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. സുപ്രീംകോടതിയിൽ ആചാരലംഘനത്തിനനുകൂലമായി സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നദ്ദേഹം ആവർത്തിച്ചു. നാമജപ ഘോഷയാത്ര നടത്തിയതിന് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് തുടങ്ങിയവർക്കെതിരെ രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാവുമോ എന്നും സതീശൻ ചോദിച്ചു.


തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള കപട അയ്യപ്പഭക്തിയാണ് സർക്കാരിനുള്ളതെന്ന് ഈ നീക്കത്തിലൂടെ ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാരിന്റെ ചെയ്തികളെക്കുറിച്ച് ജനങ്ങൾക്ക് നല്ല ഓർമയുണ്ട്. വർഗീയവാദികൾക്ക് ഇടംനൽകാൻ വേണ്ടിയാണ് സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. എന്നിട്ട് ബാക്കിയുള്ളവരുടെ ഭക്തിയെക്കുറിച്ച് മുഖ്യമന്ത്രി കളിയാക്കുന്നു.ഞങ്ങളുടെ ഭക്തിയും വിശ്വാസവും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അത് ഓരോരുത്തരുടെയും സ്വകാര്യ കാര്യമാണ്. ശബരിമലയിൽ യുഡിഎഫ് സർക്കാർ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പോലും മുന്നോട്ടു കൊണ്ടുപോകാൻ ഈ സർക്കാർ തയ്യാറായില്ല. എല്ലാവർഷവും നൽകേണ്ട 82 ലക്ഷം രൂപ പോലും കഴിഞ്ഞ മൂന്ന് വർഷമായി ശബരിമലയ്ക്ക് നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Previous Post Next Post