യൂത്ത് കോൺഗ്രസ് നേതാവിന് സ്റ്റേഷനിൽ ക്രൂരമർദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിൽ പുറത്ത്

 

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വല്ലൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മർദ്ദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു.


ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമർദ്ദനത്തിന് ഇടയാക്കിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ പൊലീസ് ജീപ്പിൽ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തുടർന്ന് സ്റ്റേഷനിൽ വെച്ച് എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.


സ്റ്റേഷന്റെ മുകളിൽ കൊണ്ടുപോയി സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും മർദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.


തുടർന്ന് സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ ക്രമസമാധാന ചുമതലയിൽ തുടർന്നു. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നേരിട്ടു കേസെടുത്തു.


തന്നെ മർദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസിൽ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ പൊലീസ് പല കാരണങ്ങൾ പറഞ്ഞു ദൃശ്യം നൽകുന്നത് തടഞ്ഞു വെച്ചു. തുടർന്ന് സുജിത്ത് വിവരാവകാശ നിയമപ്രകാരം സി സി ടി വി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിസ്സഹകരണ സമീപനം തുടർന്നു. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ, പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. തുടർന്നും പൊലീസ് അലംഭാവം പുലർത്തിയതോടെ, വിവരാവകാശ കമ്മീഷൻ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടശേഷം സിസിടിവി ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു.


ഇതേത്തുടർന്നാണ് ഇപ്പോൾ സുജിത്തിന് പൊലീസ് സ്റ്റേഷനിലെ പല സ്ഥലങ്ങളിൽ വെച്ച് എസ് ഐ ഉൾപ്പടെയുള്ള പൊലീസുകാർ ക്രൂരമായി മർദിച്ച് അവശനാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത്. നിലവിൽ കോടതി ഈ പൊലീസുകാർക്കെതിരെ നേരിട്ടെടുത്ത കേസിൽ വിചാരണ നടന്നു വരികയാണ്. നേരത്തെ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന കെ സി സേതു സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലും സുജിത്തിന് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എസ് ഐ നുഹ്മാനും സിപിഒ മാരായ സജീവ്, സന്ദീപ് എന്നിവരും ചേർന്ന് സുജിത്തിനെ മർദിക്കുന്നതായി സി സി ടി വി ദൃശ്യങ്ങൾ തന്നെ തെളിവായി ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Previous Post Next Post