ആദ്യ വോട്ടു ചെയ്ത് മോദി; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് തുടക്കം

ന്യൂഡൽഹി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പാർലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയിൽ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. രാവിലെ 10 മണിക്ക് തന്നെ പോളിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, രാം മോഹൻ നായിഡു എന്നിവർ അനുഗമിച്ചിരുന്നു.


രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. യുപിഎ ചെയർപേഴ്‌സൺ സോണിയാഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ രാവിലെ 11 വോട്ടു ചെയ്യാനെത്തുമെന്നാണ് വിവരം. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. വോട്ടെടുപ്പ് അവസാനിച്ചശേഷം വൈകീട്ട് ആറു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.


ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ  സി പി രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി (79) യുമാണ് മത്സരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയാണ്. അംഗങ്ങൾക്ക് ഇഷ്ടമുള്ള ആൾക്ക് വോട്ട് ചെയ്യാമെന്നതുകൊണ്ടുതന്നെ പരമാവധി എതിർപക്ഷത്തിന്റെ വോട്ടുകൾ അടർത്തിമാറ്റാനും സ്വന്തം വോട്ടുകൾ ചോർന്നുപോകാതെ ഉറപ്പിച്ചുനിർത്താനുമുള്ള പ്രയത്‌നത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികൾ.


നിലവിൽ 781 അംഗങ്ങളാണ് ആകെയുള്ളത്. ഇതിൽ 391 വോട്ടു നേടുന്നയാൾ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയാകും. രാജ്യസഭയിൽ 7 അംഗങ്ങളുള്ള ബിജെഡിയും 4 എംപിമാരുള്ള ബിആർഎസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഇരുസഭകളിലുമായി 427 അംഗങ്ങളുണ്ട്. പ്രതിപക്ഷത്തിന്, അതായത് കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന്, ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുന്ന 12 ആം ആദ്മി പാർട്ടി എംപിമാരെ ഉൾപ്പെടുത്താതെ 315 വോട്ടുകൾ മാത്രമേയുള്ളൂ. ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് ക്രോസ് വോട്ടു ലഭിക്കുമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ.

Previous Post Next Post