പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയിൽ

 

കൊച്ചി: ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി വരുന്നതിനാൽ ടോൾ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്ന് കാട്ടി നാഷണൽ ഹൈവേ അതോറിറ്റി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഹർജി ഹൈക്കോടതി നാളെയും പരിഗണിക്കും.


ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റി നൽകിയ റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ടോൾ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.


വാദത്തിനിടെ ഗതാഗതക്കുരുക്ക് വിഷയത്തിൽ എന്തുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടുന്നില്ല എന്ന് കോടതി ചോദിച്ചു. മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ടോൾ പിരിവ് കോടതി തടഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെ ഹർജി പരിഗണിക്കുമ്പോൾ ഓൺലൈനായി ഹാജരാകാൻ കലക്ടറോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വാദത്തിനിടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോർട്ടും കോടതി പരിശോധിച്ചു. അണ്ടർപാസ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്നാണ് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. പൊലീസിന്റെ റിപ്പോർട്ട് അവഗണിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


Previous Post Next Post