ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അനുമതിയില്ലാതെ ഇളക്കിമാറ്റി; ഗുരുതര വീഴ്ചയെന്ന് സ്‌പെഷൽ കമ്മീഷണർ

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അനുമതിയില്ലാതെ ഇളക്കിമാറ്റിയതായി ശബരിമല സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ട്. അറ്റകുറ്റപ്പണിക്കായി സ്വർണപ്പാളി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് കാട്ടി സ്‌പെഷൽ കമ്മീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് നൽകി.


സന്നിധാനത്ത് ശ്രീകോവിലിന്റെ മുന്നിൽ ഇടത്തും വലത്തുമായി രണ്ടു ദ്വാരപാലക ശിൽപ്പങ്ങൾ ഉണ്ട്. രണ്ട് ദ്വാരപാലക ശിൽപ്പങ്ങളും കരിങ്കല്ലിൽ നിർമ്മിച്ചതാണ്. ഇതിലാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ബംഗളൂരുവിൽ നിന്നുള്ള ഒരു ഭക്തന്റെ വഴിപാടായി സ്വർണം പൂശിയത്. ശബരിമല ശ്രീകോവിൽ പൂർണമായി സ്വർണം പൂശിയ കൂട്ടത്തിലാണ് ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട പ്ലേറ്റുകളിലും സ്വർണം പൂശിയത്. ഇത് അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.


ശ്രീകോവിലിന് സമീപത്തെ അറ്റകുറ്റപ്പണികൾ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോട് കൂടി മാത്രമേ നടത്താൻ പാടുള്ളൂ എന്നാണ് നിർദേശം. ഇത് പാലിക്കാതെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയെന്നാണ് സ്‌പെഷൽ കമ്മീഷണർ ജയകൃഷ്ണന്റെ റിപ്പോർട്ടിൽ പറയുന്നത്. സ്വർണവുമായി ബന്ധപ്പെട്ട പണികൾ സന്നിധാനത്ത് തന്നെ നടത്തണമെന്നും ഹൈക്കോടതി നിർദേശമുണ്ട്. അത്തരത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് പണികൾ നടക്കുമ്പോൾ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതിയുടെ നിർദേശത്തിൽ പറയുന്നുണ്ട്.


എന്നാൽ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോട് കൂടിയാണ് സ്വർണപ്പാളികൾ ഇളക്കി മാറ്റിയതെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചത്. ശ്രീകോവിലിൽ എന്തു ചെയ്യണമെങ്കിലും തന്ത്രിയുടെ അനുമതി വേണം. തന്ത്രിയുടെ അനുമതിയോട് കൂടി തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് സ്വർണപ്പാളികൾ ഇളക്കിമാറ്റിയത്. സ്വർണപ്പാളികളിൽ കുത്തുകൾ വീണിട്ടുണ്ട്. മണ്ഡലക്കാലത്തിന് മുൻപ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്വർണപ്പാളികൾ മിനുക്കിയെടുക്കുന്നതിന് വേണ്ടിയാണ് ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയത്. വിജിലൻസ് ഉദ്യോഗസ്ഥർ അടങ്ങിയ നിരീക്ഷണ സമിതിയും ഒപ്പം പോയിട്ടുണ്ടെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു.

Previous Post Next Post