തിരുവനന്തപുരം: പാർട്ടിയെ ധിക്കരിച്ചല്ല നിയമസഭയിലെത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഏതെങ്കിലും കാലത്ത് അനുകൂലമായതോ, വ്യക്തിപരമായി പ്രതികൂലമായതോ ആയ തീരുമാനം പാർട്ടി എടുക്കുമ്പോൾ, ആ തീരുമാനത്തെ ധിക്കരിക്കുവാനോ ലംഘിക്കുവാനോ ഒരുകാലത്തും ശ്രമിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തകൻ അല്ല താൻ. ഇപ്പോഴും, സസ്‌പെൻഷനിലാണെങ്കിലും പാർട്ടിക്ക് പരിപൂർണ വിധേയനായി മാത്രം പ്രവർത്തിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ
താൻ ഏതൊക്കെയോ നേതാക്കളെയൊക്കെയോ കാണാൻ ശ്രമിച്ചെന്നും, അവർ കാണാൻ കൂട്ടാക്കിയില്ലെന്നും മാധ്യമങ്ങളിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഒരു സസ്‌പെൻഷൻ കാലയളവിൽ ഒരു പ്രവർത്തകൻ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യം, വളരെക്കാലമായി പാർട്ടി പ്രവർത്തനം നടത്തിയ ആളെന്ന നിലയ്ക്ക് തനിക്കുണ്ട്. അതുകൊണ്ടു തന്നെ ഒരു നേതാവിനെയും വ്യക്തിപരമായി കാണാൻ ശ്രമിച്ചിട്ടില്ല. ആരെയും കണ്ടിട്ടുമില്ല. ആരും അനുവാദം നിഷേധിച്ചിട്ടുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളിൽ മൗനത്തിലാണെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ആരോപണം ഉണ്ടായതിന് തൊട്ടടുത്ത ദിവസം മാധ്യമങ്ങളെ കണ്ടയാളാണ് താൻ. പിന്നീടും ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തോന്നിയപ്പോൾ, വീണ്ടും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇപ്പോൾ തനിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിനെതിരെ സമരം ചെയ്തതിന് 18-ാമത്തെ വയസ്സിൽ ജയിലിൽ പോയ ആളാണ് താനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്നത് ഒരു തരത്തിലും തനിക്ക് അനുകൂലമായിട്ടുള്ള അന്വേഷണം അല്ലെന്ന് ഉറപ്പിക്കാം. തനിക്കെതിരായി എന്തെങ്കിലുമുണ്ടെങ്കിൽ, തന്നെ കൊന്നു തിന്നാൻ നിൽക്കുന്ന ഒരു സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
നിയമസഭ വിട്ടിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാർ എംഎൽഎ ഹോസ്റ്റലിന് സമീപം വെച്ച് എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞു. തങ്ങളെല്ലാം ഇവിടെയുണ്ടെന്നും, പ്രതിഷേധം അറിയിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കാർ തടഞ്ഞതെന്നും എസ്എഫ്‌ഐ പ്രവർത്തകർ പറഞ്ഞു. തുടർന്ന് പൊലീസെത്തി എംഎൽഎയുടെ കാർ പോകാൻ വഴിയൊരുക്കുകയായിരുന്നു. ജനാധിപത്യപരമായ ഒരു സമരത്തിനും താൻ എതിരല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്.
