മുസഫർനഗർ: വീഡിയോ ചിത്രീകരിക്കാൻ പാമ്പിനെ കഴുത്തിലിട്ട യുവാവ് പാമ്പിന്റെ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ മോർന ഗ്രാമത്തിലാണ് സംഭവം. 24 കാരനായ മോഹിത് കുമാറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു യുവാവിന് പാമ്പുകടിയേറ്റതെന്ന് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
അയൽവാസിയുടെ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുമായിട്ടായിരുന്നു യുവാവ് സാഹസിക പ്രകടനം നടത്തിയത്. ഇതിനിടെ പാമ്പിനെ കഴുത്തിൽ ചുറ്റി വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു. വിഷബാധയേറ്റ മോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പാമ്പുമായി മോഹിത് നടത്തിയ സാഹസിക പ്രകടനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മോഹിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാവിനെ കടിച്ച പാമ്പിനെ പിന്നീട് സമീപത്തെ കാട്ടിൽ വിട്ടു.
