കൊച്ചി: മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്. അപ്പോഴെങ്ങിനെയാണ് ദേവസ്വം ബോർഡിന് ഇത്തരമൊരു തീരുമാനമെടുക്കാനാകുക. ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കുംമുമ്പ് കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ?. എന്തുകൊണ്ട് ദേവസ്വം ബോർഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെ സ്വർണ്ണപാളി ഇളക്കിയെന്ന് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ഈ നടപടിയിൽ വീഴ്ചയില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നത്. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് യാന്ത്രികമാണ്. വിഷയത്തിൽ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു. ശബരിമലയിലെ ആഭരണങ്ങളുടെ അധികാരിയായ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടെയാണ് നടപടി. ദേവസ്വം പൊലീസ് മഹസർ തയ്യാറാക്കിയ ശേഷമാണ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. തങ്ങൾക്കിടയിലെ ചിലരാണ് അനാവശ്യ കൺഫ്യൂഷൻ ഉണ്ടാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
