സ്വർണക്കടത്ത്: ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി

കൊച്ചി: സ്വർണക്കടത്തു കേസിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി. ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.


സ്വർണക്കടത്തു കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം. കേസിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാനായി റിട്ട. ജസ്റ്റിസ് വി കെ മോഹനനെയാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചിരുന്നത്. 2021 മാർച്ച് മാസത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.


മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുമായി കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരുടെ ശബ്ദരേഖകൾ പുറത്തു വന്നിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരിനെ കുടുക്കാൻ ഗൂഢാലോചന നടക്കുന്നു. ഇതിനായി രാഷ്ട്രീയപ്രേരിതമായ നീക്കം നടക്കുന്നുവെന്ന വിലയിരുത്തലിലാണ്, വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചത്.


എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ചോദ്യം ചെയ്ത് ഇഡി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. കേന്ദ്രസർക്കാരിന് കീഴിലെ ഒരു വകുപ്പ് മാത്രമാണ് ഇഡിയെന്നും, സർക്കാരിനെതിരെ ഹർജി നൽകാൻ ഇഡിക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്. എന്നാൽ ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡിക്ക് കോടതിയിൽ ഹർജി നൽകാവുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Previous Post Next Post