കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതികളായ നാല് പൊലീസുകാര്‍ക്ക് സസ്പന്‍ഡ് ചെയ്തു.
ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ നുഹ്മാന്‍, സിപിഒ മാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. റേഞ്ച് ഡിഐജി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടിയെടുത്തിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാലു ഉദ്യോഗസ്ഥർക്കെതിരെയും എടുത്തിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി ക്രിമനല്‍ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ഐജി അംഗീകരിച്ചത് ഉത്തരവിറക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്, പൊലീസ് പൂഴ്ത്തിവെച്ചിരുന്ന ദൃശ്യങ്ങള്‍ പുരത്തു വരുന്നത്. സുജിത്തിന്റെ പരാതി പ്രകാരം കോടതി കസ്റ്റഡി മര്‍ദ്ദനത്തില്‍ നേരിട്ട് കേസെടുക്കുകയും, നാലു പൊലീസുകാരെ പ്രതികളാക്കുകയും ചെയ്തിരുന്നു.
മര്‍ദ്ദനത്തില്‍ കൂട്ടാളിയായിരുന്ന പൊലീസ് ഡ്രൈവര്‍ മറ്റൊരു വകുപ്പിലേക്ക് മാറിയതായി സുജിത് വ്യക്തമാക്കിയിരുന്നു. കേസില്‍ നാലു പ്രതികളില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. മൂന്ന് ഉദ്യോഗസ്ഥരുടെ രണ്ടുവര്‍ഷത്തെ വേതന വര്‍ധനവ് തടഞ്ഞുവെക്കുന്നത് മാത്രമായിരുന്നു ശിക്ഷാനടപടി. പ്രതിയായ സിപിഒ ശശിധരനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നില്ല. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ കേള്‍വിശക്തിക്ക് തകരാര്‍ സംഭവിച്ചിരുന്നു.