കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ കുതിരയെ കാറിടിച്ചു; കുതിരയുമായെത്തിയ ആള്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പരാതി

കണ്ടൈനർ റോഡില്‍ കുതിരയെ കാർ ഇടിച്ചു. അപകടത്തില്‍ കുതിരയ്ക്ക് സാരമായി പരിക്കേറ്റു. ആളപായം ഉണ്ടായിട്ടില്ല.

കണ്ടൈനർ റോഡില്‍ മഞ്ഞുമ്മല്‍ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്തായാണ് അപകടം നടന്നത്. റോഡിലൂടെ കുതിരയുമായി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്. സംഭവത്തിന് പിന്നാലെ കുതിരയുമായെത്തിയ ആള്‍ക്കെതിരെ പ്രദേശവാസി പൊലീസില്‍ പരാതി നല്‍കി. അലക്ഷ്യമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. പരാതി പൊലീസ് സ്വീകരിച്ചു. എന്നാല്‍ കേസെടുത്തതായി വിവരം ലഭിച്ചിട്ടില്ല.

രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. കുതിരയ്ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റതായാണ് വിവരം. കുതിരയ്ക്ക് എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. ഇതിൻ്റെ മുന്നിലെ കാല്‍ ഒടിഞ്ഞതായി സംശയിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ കുതിര റോഡില്‍ ഏറെ നേരം കിടന്നു. വെറ്ററിനറി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുതിരയെ ചികിത്സയ്ക്കായി മാറ്റുന്നതിന് ഇവിടേക്ക് ക്രയിൻ എത്തിക്കേണ്ടി വന്നു.

കുതിരപ്പുറത്ത് ഉണ്ടായിരുന്ന യുവാവ് അപകടസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡില്‍ തെറ്റായ വശത്ത് കൂടിയാണ് ഇയാള്‍ കുതിരയുമായി പോയതെന്നും പൊലീസ് പറയുന്നു. കുതിര തൻ്റേതല്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊതു സ്ഥലങ്ങളില്‍ കുതിരയെ ഓടിക്കുന്നതിന് പൊലീസിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. യാത്രക്കാരനോടും കുതിരയുടെ ഉടമയോടും സ്റ്റേഷനില്‍ ഹാജരാവാൻ ചേരാനല്ലൂർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post