തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂൾ അക്കൗണ്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസും ബാങ്കുകളും കൈകോർക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകൾ, എടിഎം പിൻവലിക്കലുകൾ, ചെക്ക് ഇടപാടുകൾ, വ്യാജ ഡിജിറ്റൽ അറസ്റ്റിൽ ഉൾപ്പെട്ട് വലിയ തുകകൾ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറൽ തുടങ്ങിയവ കർശനമായി നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്. പൊലീസ് സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കും.സെക്യൂരിറ്റി /അലർട്ട് സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27 മുതൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി പൊലീസിന്റെയും ബാങ്ക് മാനേജർമാരുടേയും സംയുക്ത യോഗങ്ങൾ സംഘടിപ്പിക്കും. മ്യൂൾ അക്കൗണ്ടുകൾ എന്ന പേരിൽ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള തട്ടിപ്പുകൾ സംസ്ഥാനത്തു വ്യാപകമാകുകയാണ്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിനു കൂടുതലായി ഇരയാകുന്നത്. ഇടപാടുകാരുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്.
ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാൻ യുവാക്കളെ അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഈ യുവാക്കളുടെ ആധാർ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പക്ഷേ, രജിസ്റ്റർ ചെയ്യാനായി മൊബൈൽ നമ്പർ നൽകുന്നത് തട്ടിപ്പുകാരുടേതായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പുകൾ തുടങ്ങിയവയ്ക്കാകും ഇത്തരത്തിൽ ആരംഭിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ തട്ടിപ്പുകാർ ഉപയോഗിക്കുക. പിടിക്കപ്പെടുമ്പോൾ കുടുങ്ങുന്നത് അക്കൗണ്ടുകൾ വാടകയ്ക്കു നൽകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരായിരിക്കും.
