ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഒരു വർഷം മുമ്പ് ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താൻ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീർത്ഥാടനകാലം കുറ്റമറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു. കഴിഞ്ഞ തീർത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള അയ്യപ്പ ഭക്തർ ദേവസ്വം ബോർഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവൻ പറഞ്ഞു.


ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് അയ്യപ്പ സംഗമത്തിന് തീരുമാനമെടുത്തത്. ദേവസ്വം ബോർഡിന് ഒറ്റയ്ക്ക് നടത്താൻ കഴിയാത്തതിനാൽ, സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി വേണം. അതിന് സർക്കാർ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയമായിട്ടോ, മറ്റേതെങ്കിലും വിഭാഗീയമായിട്ടോ കാണേണ്ട പ്രശ്‌നമില്ലെന്ന് മന്ത്രി വാസവൻ പറഞ്ഞു.


ഇതുമായി ബന്ധപ്പെട്ട് മൂന്നുകാര്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അയ്യപ്പ സംഗമം നടക്കുന്നത് ശബരിമലയിൽ അല്ല, പമ്പയിലാണ്. തിരുവനന്തപുരം എൻജിനിയറിങ് കോളജ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനുണ്ട്. ഹൈപ്പവർ കമ്മിറ്റി അംഗീകരിച്ച പ്ലാനിൽ 773 കോടി രൂപയുടെ വികസനം മൂന്നുഘട്ടങ്ങളിലായി ശബരിമലയിലും , 250 കോടിയുടെ വികസനം പമ്പയിലും നിലയ്ക്കലുമായി നടപ്പാക്കാനുള്ള പ്രോജക്ടാണ് നൽകിയിട്ടുള്ളത്. അത് മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.


ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പും ഭാവി പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. ശബരിമല റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ട്. ഇങ്ങനെ പുതിയ പശ്ചാത്തല സൗകര്യം വിദേശികളും സ്വദേശികളുമായ അയ്യപ്പ ഭക്തർക്ക് ഒരുക്കിക്കൊടുക്കുകയും നിലവിൽ മുന്നോട്ടു വന്ന വികസനകാര്യങ്ങളും ചർച്ച ചെയ്യുക എന്നതാണ് അയ്യപ്പസംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന് ശബരിമലയിലെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ്. മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.


ശബരിമലയിൽ ചെല്ലുന്ന ഏതൊരു തീർത്ഥാടകനും കാണുന്ന പ്രധാന വാക്യമാണ് തത്വമസി. ഭഗവാനും ഭക്തനും തമ്മിൽ വ്യത്യാസമില്ല എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. ലോകത്ത് ഒരു തീർത്ഥാടനകേന്ദ്രത്തിലും ഇങ്ങനെയൊരു സന്ദേശമില്ല. അയ്യപ്പനെ കാണാൻ വരുന്നവരെയെല്ലാം അയ്യപ്പന്മാരെന്നാണ് വിളിക്കുന്നത്. ആ സന്ദേശം വിശ്വമാനവികതയുടേതാണ്. ആ സന്ദേശം ലോക തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്ന സന്ദേശമാണ്. ശബരിമലയിലെ വികസനവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കുന്നതിന്, ഭാവിയിൽ വേണ്ടതെന്തെല്ലാം, തുടങ്ങിയ കാര്യങ്ങൾ സംഗമത്തിലെത്തിച്ചേരുന്ന പ്രതിനിധികളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ച് നടപ്പിൽ വരുത്തുക എന്നതാണ് അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശമെന്നും മന്ത്രി വാസവൻ കൂട്ടിച്ചേർത്തു.


സം​ഗമത്തെ രാഷ്ട്രീയമായി മറ്റു തരത്തിലൊന്നും വ്യാഖ്യാനിക്കേണ്ടതില്ല. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ദേവസ്വം ബോർഡ് സഹായം അഭ്യർത്ഥിച്ചാൽ മതനിരപേക്ഷ സർക്കാർ സഹായം ചെയ്തു കൊടുക്കേണ്ടതല്ലേ. അത് സർക്കാരിന്റെ ചുമതലയാണ്. ശബരിമലയിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാലിനെ കണ്ടത്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിനായി ദേവസ്വം മന്ത്രി എന്ന നിലയിലാണ് താൻ ചെന്നൈയിൽ പോയത്. താനൊറ്റയ്ക്കല്ല ദേവസ്വം കമ്മീഷണറും സെക്രട്ടറിയുമെല്ലാം ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വരാൻ കഴിയില്ലെന്നും പകരം തമിഴ്‌നാട് ദേവസ്വം മന്ത്രി ശേഖർബാബു, ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ എന്നിവരെ അയക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു.


ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതിപക്ഷം കാര്യം മനസ്സിലാകാതെയാണ് പ്രതികരിക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്നത് രാഷ്ട്രീയമാണ്. ശബരിമലയുടെ വികസനമാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മുഖ്യലക്ഷ്യം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യമാണ്. സുപ്രീംകോടതിയുടെ മുന്നിലുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ആ വിഷയത്തിൽ ഇവിടെ ചർച്ചയില്ല. അതിൽ സമയം വരുമ്പോൾ കൂടിയാലോചിച്ച് ചെയ്യും. ശബരിമല സമരവുമായി ബന്ധപ്പെട്ട ചെറിയ കേസുകൾ പിൻവലിച്ചു. നോൺ ബെയ്‌ലബിൾ ആയ കേസുകൾ പിൻവലിക്കുന്നത് സർക്കാരിന് പറ്റില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ അതിന് കഴിയൂ. ആ കേസുകൾ ഗൗരവത്തോടെ നടത്തുന്ന രീതിയല്ല ഇപ്പോൾ സർക്കാരിന്റേത്. കോടതിയുടെ അനുമതി കിട്ടിയാൽ അനുഭാവപൂർവം ഓരോ കേസിന്റെയും മെറിറ്റ് നോക്കി പിൻവലിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.

Previous Post Next Post