'കോൺഗ്രസിലെ ഒരു വിഭാഗം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു, ഒരു അനീതിയും ചെയ്തിട്ടില്ല'; ആത്മഹത്യക്ക് മുൻപുള്ള പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ സന്ദേശം പുറത്ത്

കൽപ്പറ്റ: പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്. പൊലീസിന് കൈമാറിയത് ലഭിച്ച വിവരങ്ങളാണ്. തന്നെ ഗൂഢാലോചനക്കാരനായി ചിത്രീകരിച്ചെന്നും ഒരുവിഭാഗം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും ജോസ് പറയുന്നു. പ്രതിസന്ധിയിൽ പാർട്ടി നേതാക്കൾ കൈവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.


'ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താൻ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്നൊക്കെ പറഞ്ഞ് വലിയ പ്രചരണങ്ങൾ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ട്. ഒരാളിൽ നിന്നും പോലും അനർഹമായ കാര്യങ്ങൾ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവർത്തനം നടത്തിയ ആളാണ് ഞാൻ. ഈ ആരോപണങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് താങ്ങാൻ ആവുന്നതല്ല. സഹായം തേടി എന്നെ സമീപിച്ചവരെ സഹായിച്ചതല്ലാതെ ആരെയും മാറ്റിനിർത്തിയിട്ടില്ല. എന്റെ പ്രവർത്തനത്തിൽ ആസൂയപൂണ്ടവർ എന്നെ ഈ സമൂഹത്തിൽ ഇല്ലാതാക്കാൻ വേണ്ടി, എന്റെ രക്തത്തിന് വേണ്ടി, എന്റെ മക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഒരു പരിഷ്‌കൃതസമൂഹത്തിൽ നിന്നും എനിക്ക് ലഭിക്കേണ്ട പിന്തുണയല്ല ഇത്. ഞാൻ ഈ സമൂഹത്തിന് വേണ്ടി നിലകൊണ്ടയാളാണ്'- വീഡിയോ സന്ദേശത്തിൽ പറയുന്നു. ഒരു പ്രാദേശിക മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തി പറഞ്ഞ കാര്യമാണ് ഇപ്പോൾ പുറത്തുവന്നത്.


വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കൂടിയായ ജോസിനെ കൈഞരമ്പ് മുറിച്ച ശേഷം പെരിക്കല്ലൂരിലെ കുളത്തിൽ ചാടി മരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കണ്ടെത്തിയത്. അയൽവാസികൾ ജോസിനെ പുൽപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല


പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ ജോസിനെ പ്രതിചേർത്തിരുന്നില്ല. തന്നെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചൻ മാധ്യമങ്ങളോടും മറ്റും പറഞ്ഞ ആറുപേരുകളിൽ ഉൾപ്പെട്ടയാൾ കൂടിയാണ് ജോസ്. അടുത്തിടെ മുളളൻകൊല്ലിയിൽ കോൺഗ്രസിനുള്ളിലുണ്ടായ ഗ്രൂപ്പുതർക്കങ്ങളാണ് തങ്കച്ചനെ കള്ളക്കേസിൽപ്പെടുത്തുന്നതിൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്ക് ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Previous Post Next Post