ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വോട്ടുകൊള്ള ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്തവണയും കർണാടകത്തിലെ ഒരു മണ്ഡലം തന്നെയാണ് ഉദാഹരണമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചത്. 2023 കർണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. കോൺഗ്രസ് വോട്ടർമാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷണം നൽകുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
അലന്ദ് മണ്ഡലത്തിൽ ഒരു ബൂത്ത് തല ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഈ ക്രമക്കേട് പുറത്തുവരാൻ സഹായിച്ചത്. ഉദ്യോഗസ്ഥന്റെ അമ്മാവന്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തത് അന്വേഷിച്ചപ്പോഴാണ് ഇത്രയും വലിയ ക്രമക്കേട് കണ്ടെത്താൻ സാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നമ്പറുകൾ ഉപയോഗിച്ചാണ് വോട്ട് നീക്കം ചെയ്തത്. സംഘടിതമായ ക്രിമിനൽ ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. താൻ വോട്ട് നീക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് മണ്ഡലത്തിലെ വോട്ടർ ഗോദാബായി പറഞ്ഞു. ഗോദാബായി എന്ന വോട്ടറുടെ പേരിൽ അക്കൗണ്ട് വ്യാജമായി ഉണ്ടാക്കിയാണ് ഇത് ചെയ്തത്. ഇത്തരത്തിൽ വോട്ട് കൊള്ളയ്ക്ക് നിരവധിപ്പേർ വിധേയരായെന്ന് തെളിവുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞത്.
സോഫറ്റ് വെയർ ഉപയോഗിച്ച് കേന്ദ്രീകൃത നിലയിൽ കോൾ സെന്റർ പ്രവർത്തിപ്പിച്ചാണ് വോട്ട് കൊള്ള നടത്തിയിരിക്കുന്നത്. സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓട്ടോമേറ്റഡ് ആയി അപേക്ഷ നൽകി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കർണാടകയിലെ സിഐഡി 18 മാസത്തതിനിടെ 18 തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങൾ ആരാഞ്ഞു. ഡെസ്റ്റിനേഷൻ ഐപി, ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ട്, ഒടിപി ട്രെയിൽ എന്നി മൂന്ന് വിവരങ്ങൾ തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല. ഇതിന് പുറമേ മഹാരാഷ്ട, ഹരിയാന, യുപി എന്നിവിടങ്ങളിലും വലിയ തോതിൽ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ സംരക്ഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
