'കസ്റ്റഡി മര്‍ദനം ഒതുക്കാൻ 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു, മര്‍ദിച്ച പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തില്ല, ചുമത്തിയത് ദുര്‍ബല വകുപ്പ്'

തൃശ്ശൂർ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രതികള്‍ക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരമാണ് പുറത്തുവരുന്നത്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസില്‍ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.

ഉദ്യോഗസ്ഥർക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്പെൻഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എസ്‌ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവർ ചേർന്ന് അതിക്രൂരമായിട്ടാണ് സുജിത്തിനെ മർദിച്ചത്. എസി പി കെസി സേതു അന്വേഷിച്ച റിപ്പോർട്ടാണിത്.

തൃശൂർ കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത്. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോള്‍ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.
Previous Post Next Post