തീരുമാനമെടുക്കാതെ ഗവര്‍ണര്‍; സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു

തിരുവനന്തപുരം: സർവകലാശാലകളുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. സർവകലാശാല ഭരണത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറൻസ് ചോദിച്ചിരിക്കെയാണ് ബില്ലുകൾ ഗവർണർ രാഷ്ട്രപതി ഭവന് കൈമാറിയത്.


സർവകലാശാലകളുടെ സ്വയംഭരണം പാടേ തകർക്കുന്നതാണ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥയെന്നാണ് ആക്ഷേപം. പ്രോ ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സർവകലാശാലകൾക്ക് ഭരണപരവും അക്കാദമികവുമായ കാര്യങ്ങളിൽ നിർദേശങ്ങൾ നൽകാം. വിശദീകരണം തേടാനും കഴിയും. സെനറ്റ് യോഗങ്ങളിൽ മന്ത്രിക്ക് അധ്യക്ഷത വഹിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.


ഈ വ്യവസ്ഥകൾ യുജിസി മാർഗനിർദേശത്തിന് വിരുദ്ധമാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. യുജിസി വ്യവസ്ഥയ്ക്ക് വിരുദ്ധമായ സംസ്ഥാന നിയമം വന്നാൽ, യുജിസി മാർഗനിർദേശങ്ങളാകും നിലനിൽക്കുകയെന്ന് സുപ്രീംകോടതി വിധിയുണ്ട്. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന ബില്ലിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും ഗവർണർക്ക് എതിർപ്പുണ്ടെന്നാണ് സൂചന.


രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ വാദം കേൾക്കുന്ന പശ്ചാത്തലത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് അംഗീകാരം കാത്തിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരം ആരാഞ്ഞിരുന്നു. നിലവിലെ വിധി പ്രകാരം മൂന്നു മാസത്തിനുള്ളിൽ ബില്ലിൽ തീരുമാനമെടുക്കണം. വിധി ലംഘിച്ച് ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാരുടെ പക്കലിരിക്കുന്നത് രാഷ്ട്രപതിയുടെ റഫറൻസിനെ ബാധിക്കുമെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നു. ഇതു കണക്കിലെടുത്താണ് മൂന്നുമാസ സമയപരിധി ആകുന്നതിനുമുമ്പേ തന്നെ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ തീരുമാനിച്ചത്.

Previous Post Next Post