വോട്ടർ പട്ടികയിൽ പേര് ചേർത്തത് 2002 ന് മുൻപാണോ?, പിൻപാണോ?; പുതുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

 

തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടികയിലെ തീവ്രപരിശോധന അടിസ്ഥാനമാക്കുക 2002ലെ വോട്ടർ പട്ടിക. അതിനുശേഷം വോട്ടർ പട്ടികയിൽ ഇടം പിടിച്ചവർ പുതുതായി രേഖകൾ സമർപ്പിക്കേണ്ടി വരും. 2002ൽ ഉണ്ടായിരുന്നവർ എന്യുമറേഷൻ ഫോം മാത്രം നൽകിയാൽ മതിയാകും.


2002ലെ പട്ടികയിൽ പേര് ഇല്ലെങ്കിൽ


2002ലെ പട്ടികയിൽ ഇല്ലാതിരുന്ന ശേഷം 2025ലെ പട്ടികയിൽ ഉൾപ്പെട്ടവർ എന്യുമറേഷന് പുറമെ പൗരത്വത്തിന് തെളിവായി ആധാർ ഉൾപ്പടെ പന്ത്രണ്ട് രേഖകളിലൊന്ന് സമർപ്പിക്കണം. രണ്ടുപട്ടികയിലും ഇല്ലാത്തവർ, യോഗ്യരെങ്കിൽ പുതുതായി പട്ടികയിൽ പേരുചേർക്കാൻ ഫോം 6 വഴി അപേക്ഷിക്കണം.


വോട്ടർ പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷിക്കാം. എങ്കിലും ബുത്ത് ലെവൽ ഓഫീസർമാർ ഓരോ വീട്ടിലുമെത്തി വിവരം പരിശോധിക്കും. ബിഎൽഒ എത്തുമ്പോൾ ആളില്ലെങ്കിലും പിന്നീട് സന്ദർശനസമയം നിശ്ചയിക്കാം. പ്രവാസികൾക്കും പട്ടിക പുതുക്കാൻ ഓൺലൈനായി അപേക്ഷ നൽകാം. തുടർന്ന് ബിഎൽഒ വീട്ടിലെത്തുമ്പോൾ വിവരങ്ങൾ വീട്ടുകാരിൽ നിന്ന് ശേഖരിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ബിഎൽഒമാർ, ഇആർഒ മാർ തുടങ്ങിയവർക്കാണ് കരട് വോട്ടർപട്ടികയെ പറ്റി ഫോറം ഏഴിൽ പരാതി നൽകേണ്ടത്. മൊബൈൽ ആപ്പുകൾ വഴിയും നൽകാം. ജില്ലാ തലത്തിൽ കോൾ സെന്ററുകളും ഉണ്ടാകും.


രേഖകള്‍ ഇവ

ആധാര്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ എസ്‌ഐആര്‍ നടപടികള്‍ക്കു തെളിവായി സമര്‍പ്പിക്കുന്ന രേഖകള്‍ ഇവയാണ്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്

1987 ജൂലൈ ഒന്നിനു മുന്‍പ് സര്‍ക്കാര്‍/ തദ്ദേശ സ്ഥാപനങ്ങള്‍/ ബാങ്ക്/ എല്‍ഐസി/ പൊതുമേഖല സ്ഥാപനം നല്‍കിയ ഏതെങ്കിലും തിരച്ചിറയില്‍ കാര്‍ഡ്

ജനനസര്‍ട്ടിഫിക്കറ്റ്

പാസ്‌പോര്‍ട്ട്

അംഗീകൃത ബോര്‍ഡുകളോ സര്‍വകലാശാലകളോ നല്‍കിയ പത്താംതരം വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്

സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്

വനാവകാശ സര്‍ട്ടിഫിക്കറ്റ്

ഒബിസി/ എസ് സി/ എസ് ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്

ദേശീയ പൗരത്വപട്ടിക

സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍

സര്‍ക്കാര്‍ നല്‍കുന്ന ഭൂമി ഭവന കൈമാറ്റ സര്‍ട്ടിഫിക്കറ്റ്

ആധാര്‍

Previous Post Next Post