കോട്ടയം: കുട്ടികൾ പാടി നടന്ന 'മഴ മഴ, കുട കുട.. മഴ വന്നാൽ പോപ്പിക്കുട....'' എന്ന പരസ്യ വാചകം ഓർക്കാത്തവർ കുറവായിരിക്കും. ഈ പരസ്യ വാചകം സൃഷ്ടിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശങ്കർ കൃഷ്ണമൂർത്തി(ശിവ കൃഷ്ണമൂർത്തി)യായിരുന്നു. മലയാള പരസ്യകലയിലെ ആധുനികതയുടെ ആദ്യ പ്രയോക്താവും പ്രശസ്ത പരസ്യകോപ്പി റൈറ്ററുമായിരുന്നു ശങ്കർ കൃഷ്ണമൂർത്തി. കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു അന്ത്യം.
1939ൽ ആലപ്പുഴയിൽ ജനിച്ച അദ്ദേഹം 1975-90 കാലത്ത് കോട്ടയത്തായിരുന്നു താമസം. പുറത്ത് നിന്ന് നോക്കിയാൽ ചെറിയ കട, അകത്തോ അതിവിശാലമായ ഷോറൂം... ഈ പരസ്യവാചകം പറയാത്ത മലയാളിയുണ്ടാകില്ല. അത്രയേറെ പ്രചാരം നേടിയ വാചകമാണത്. കോട്ടയം അയ്യപ്പാസിന്റേതായിരുന്നു ഈ പരസ്യ വാചകം.
ഭീമ ജൂവലറിയുടെ 'ഭീമ ബോയ്' അദ്ദേഹത്തിന്റെ ഭാവനയിൽ പിറന്നതാണ്. എൺപതുകളിൽ 'പാലാട്ട്' അച്ചാർ, 'വി ഗൈഡ്' തുടങ്ങിയ ബ്രാൻഡുകൾക്കും പേര് നൽകി. കോട്ടയത്തെ പാലത്തിങ്കൽ കുടുംബത്തിന്റേതായിരുന്നു പാലാട്ട് അച്ചാർ എന്ന ഉത്പന്നം. ശങ്കർ കൃഷ്ണമൂർത്തി രൂപംകൊടുത്ത 'പാലാട്ട് രുചി ലോകത്തിന്റെ സാമ്രാട്ട്' എന്ന പരസ്യവാചകം വാക്കുകളിൽ സ്വാദ് നിറച്ചു. 'സ്വാദിഷ്ഠമായ' എന്ന് അർഥം വരുന്ന പാലറ്റബിൾ എന്ന ഇംഗ്ലീഷ് വാക്കും പാലത്തിങ്കൽ എന്ന കുടുംബപ്പേരും ചേർത്താണ് പാലാട്ട് എന്ന പേര് നൽകിയത്.
തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹത്തിന് വലിയ പ്രാവീണ്യമുണ്ടായിരുന്നു. തമിഴ് പ്രസിദ്ധീകരണങ്ങളിൽ മുന്നൂറിലധികം ചെറുകഥകൾ എഴുതിയിട്ടുണ്ട്. 'കാലചക്രം'(2002) എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും തയ്യാറാക്കി.
പിന്നീട് അദ്ദേഹം ചെന്നൈയിലെ പ്രമുഖ പരസ്യകമ്പനിയിൽ ജോലി സ്വീകരിച്ച് അവിടേയ്ക്ക് താമസം മാറ്റുകയായിരുന്നു. ജീവിതത്തിന്റെ അവസാനകാലംവരെയും സജീവമായിരുന്ന അദ്ദേഹത്തിന്റെ പുതിയകഥ ഏതാനും മാസങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഭാര്യ: ശാന്താ കൃഷ്ണമൂർത്തി. മക്കൾ: അജയ് ശങ്കർ (അമേരിക്ക), വിജയ് ശങ്കർ (സിനിമ എഡിറ്റർ), ആനന്ദ് ശങ്കർ (അമേരിക്ക). മരുമക്കൾ: മായ, ലയ, വൈജയന്തി. സംസ്കാരം പിന്നീട്.
