കേരളത്തിലും വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം ഉടൻ; അടിസ്ഥാനം 2002ലെ വോട്ടർ പട്ടിക; 12 രേഖകളിലൊന്ന് സമർപ്പിച്ച് എന്യുമറേഷൻ നടത്തണം

തിരുവന്തപുരം: ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം കേരളത്തിലും നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് പൂർത്തിയാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടിക പുതുക്കൽ തുടങ്ങുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


2002ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകൾ നൽകേണ്ട. 2002നുശേഷം പേരു ചേർത്ത, 2005ലെ പട്ടികയിലുള്ളവർ കമ്മീഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകണം. ആധാർ കാർഡും രേഖയായി പരിഗണിക്കും.


പുതുതായി പേരു ചേർക്കുന്നവരും രേഖ നൽകണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകണം. വോട്ടർപട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരു ചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധിക്ക് പേരുചേർക്കാവുന്നവരുടെ എണ്ണം 50 ആയിരിക്കാനാണ് സാധ്യത.


ഇന്ത്യൻ പൗരത്വമുള്ളവർക്കും പതിനെട്ടുവയസു പൂർത്തിയായവർക്കും നിയമപ്രകാരം അയോഗ്യത ഇല്ലാത്തവർക്കും എസ്‌ഐആർ നടപടികൾ പൂർത്തിയാക്കി പട്ടികയിൽ പേര് ഉറപ്പാക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി വിവരങ്ങൾ ഉറപ്പാക്കും. പ്രവാസി വോട്ടർമാർക്ക് ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകാം. തുടർന്ന് ബിഎൽഒ വീട്ടിലെത്തുമ്പോൾ വിവരങ്ങൾ വീട്ടുകാരിൽ നിന്ന് ശേഖരിക്കുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

Previous Post Next Post