കോട്ടയം: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും ചേർന്ന് സെപ്റ്റംബർ 18,19 തീയതികളിൽ ആയുഷ് മേഖലയിലെ ഐ.ടി. അധിഷ്ഠിത സേവനങ്ങളേക്കുറിച്ച് ശിൽപശാല നടത്തും. കുമരകം കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്സിൽ 18ന് രാവിലെ 9ന് ആരംഭിക്കുന്ന ശിൽപശാല ആരോഗ്യം- വനിതാ ശിശുവികസനവകുപ്പു മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ആരോഗ്യ, കുടുംബക്ഷേമ, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അധ്യക്ഷത വഹിക്കും. പഞ്ചാബ് ആരോഗ്യവകുപ്പ് മന്ത്രി ഡോ. ബൽബീർ സിംഗ്, ആയുഷ് വകുപ്പ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ജോയിന്റ് സെക്രട്ടറി ഡോ. കവിത ജെയിൻ, വിവിധ സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ആയുഷ് വകുപ്പ് ഉപദേശകൻ ഡോ. എ. രഘു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഡോ. ടി.കെ. വിജയൻ, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ എന്നിവർ പങ്കെടുക്കും.
ആയുഷ് മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന് പുതിയ ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിൽപശാലയിൽ ഐ.ടി. പ്രതിനിധികൾ, സർക്കാർ- സ്വകാര്യ ഐ.ടി. സേവന ദാതാക്കൾ, ആയുഷ് ഐ.ടി. വിഭാഗത്തിലെ സാങ്കേതിക വിദഗ്ധർ, ഡിജിറ്റൽ ഹെൽത്ത്, ഇ-ഗവേണൻസ് രംഗത്തെ വിദഗ്ധരും പങ്കെടുക്കും.
