കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സിപിഎം വിമത അംഗം കല രാജുവാണ് യുഡിഎഫിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി. രാവിലെ 11 നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുക. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കുന്നത്.
ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തിൽ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനിൽ കുമാർ എന്നിവർ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് നേതൃയോഗമാണ് കലാ രാജുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
ഉച്ചയ്ക്ക് 2 മണിക്കാണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനിൽകുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എൽഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി. ദരിദ്രലഘൂകരണ വിഭാഗം ജില്ലാ ഓഫീസറാണ് വരണാധികാരി.
കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ കൗൺസിലർ കല രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. നേരത്തെ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കൂത്തട്ടുകുളത്ത് ടൗണിൽ രാവിലെ 9 മുതൽ കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
