ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ വോട്ടു ചോരി മാർച്ച്. രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ് മാർച്ചെന്ന് എംപിമാർ പറഞ്ഞു. മാർച്ച് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.
രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്‌പോർട്ട് ഭവനുമുന്നിൽ വച്ച് ഡൽഹി പൊലീസ് തടഞ്ഞു. റോഡിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തിയിരിക്കുകയാണ്. പിരിഞ്ഞുപോകണമെന്ന് പൊലീസ് എംപിമാരോട് ആവശ്യപ്പെട്ടു. എന്നാൽ എംപിമാർ തയാറായില്ല. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പ്രിയങ്കഗാന്ധി, ഡിംപിൾ യാദവ്, കെ സി വേണുഗോപാൽ തുടങ്ങിയവർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് രാഹുൽഗാന്ധി പറഞ്ഞു. മാർച്ചിൽ ശശി തരൂർ എംപിയും പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വാസ്യത വീണ്ടെടുക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര എംപിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മഹുവയ്ക്ക് ചികിത്സ നൽകണമെന്ന് എംപിമാർ പൊലീസിനോട് ആവശ്യപ്പെട്ടു. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പ്രതിപക്ഷ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (SIR) നടപടി, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 'വോട്ടർ തട്ടിപ്പ്' എന്നിവക്കെതിരെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിച്ചതിനെത്തുടർന്ന്, ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ പിരിഞ്ഞു. വോട്ടു ക്രമക്കേടിൽ പ്രതിപക്ഷ എംപിമാരെ കാണാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ 30 എംപിമാരെ മാത്രമേ കാണൂവെന്ന കമ്മീഷന്റെ നിർദേശം പ്രതിപക്ഷം തള്ളിയിട്ടുണ്ട്.