'ഞാൻ ഇവിടെയുണ്ട്, പാർലമെന്റിൽ'; ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

കൊച്ചി: തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചതിന് പിന്നാലെ താൻ ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്.


കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ പരാതി ലഭിച്ചത്. കെഎസ്‌യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. സംഭവം ചർച്ചയായതോടെ സുരേഷ് ഗോപിയെ പരിഹസിച്ച് നേതാക്കൾ രംഗത്തെത്തിയിരുന്നു.


ഇപ്പോൾ താൻ ഔദ്യോഗിക കൃത്യനിർവണത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങൾ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഇന്ന് രാജ്യസഭയിൽ ചർച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി' കുറിപ്പിൽ സുരേഷ് ഗോപി പറയുന്നു.


പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി


തൃശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു.സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


'തൃശൂരിൽ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയർന്നിരുന്നു. മുൻ മന്ത്രി സുനിൽ കുമാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാർലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങൾ നിർവഹിക്കുകയായിരുന്നു'


സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. ആ സ്ഥാപനമിപ്പോൾ കേന്ദ്ര സർക്കാരിന്റെ വാലായി പ്രവർത്തിക്കുന്നു. കള്ളവോട്ട് ചേർത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരിൽ കള്ളവോട്ട് ചേർത്തെന്ന ആക്ഷേപത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയിൽനിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചർച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്'' -മന്ത്രി പറഞ്ഞു.

Previous Post Next Post