കണ്ണൂർ: തൃശൂർ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു. സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
'തൃശൂരിൽ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയർന്നിരുന്നു. മുൻ മന്ത്രി സുനിൽ കുമാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാർലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങൾ നിർവഹിക്കുകയായിരുന്നു'
'സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. ആ സ്ഥാപനമിപ്പോൾ കേന്ദ്ര സർക്കാരിന്റെ വാലായി പ്രവർത്തിക്കുന്നു. കള്ളവോട്ട് ചേർത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരിൽ കള്ളവോട്ട് ചേർത്തെന്ന ആക്ഷേപത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയിൽനിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചർച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്'-മന്ത്രി പറഞ്ഞു.
ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അല്ലാത്ത പക്ഷം കർശന നടപടി ഉണ്ടാകും. വേനൽ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വർഷം എന്തായാലും നടപ്പിലാക്കാൻ പറ്റില്ലെന്നും കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.