ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ നിർണയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എൻഡിഎ. കേന്ദ്ര മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാർഥി നിർണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ബിജെപി, എൻഡിഎ സഖ്യകക്ഷി നേതാക്കൾ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തിൽ അമിത് ഷാ, ജെപി നദ്ദ, ജെഡിയു നേതാവ് ലാലൻസിങ്, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ, ടിഡിപി നേതാവ് ലവ ശ്രീകൃഷ്ണ ദേവരായലു, ചിരാഗ് പാസ്വാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം ഏഴിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആയിരിക്കും. തെരഞ്ഞെടുപ്പ് ഫലം പോളിങ് ദിനമായ സെപ്റ്റംബർ 9 ന് തന്നെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടർന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 74 കാരനായ ധൻകർ ഉപരാഷ്ട്രപതി പദവി രാജിവെച്ചത്. എന്നാൽ കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.