ശ്വേത മേനോന് ആശ്വാസം; തുടർനടപടികൾ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി

 

കൊച്ചി: നടി ശ്വേത മേനോന് എതിരായ കേസിൻറെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. പൊലീസിൽ നിന്ന് വിവരങ്ങൾ തേടാതെ സിജെഎം തിടുക്കത്തിൽ നടപടി എടുത്തെന്ന വിമർശനവും കോടതി ഉന്നയിച്ചു. സംഭവത്തിൽ എറണാകുളം സിജെഎം കോടതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്വേത മേനോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിൻറെ നടപടി.


അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരെ വന്ന പരാതി. കൊച്ചി സെൻട്രൽ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കോടതി നിർദേശപ്രകാരമുള്ള നടപടി. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് ശ്വേതക്കെതിരെ കേസ് എടുത്തത്.


ശ്വേത മേനോൻ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗർഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരൻ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാലേരിമാണിക്യം. രതിനിർവേദം, കളിമണ്ണ്, ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.


സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി പ്രേക്ഷകർ കണ്ടതും ഇപ്പോഴും പൊതുമധ്യത്തിൽ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.


പൊലീസ് ആദ്യം അവഗണിച്ച പരാതിയായിരുന്നു ഇത്. പിന്നീട് പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പോവുകയും അവിടെനിന്ന് കോടതി നിർദേശ പ്രകാരം സെൻട്രൽ പൊലീസ് കേസ് എടുക്കുകയുമായിരുന്നു.

Previous Post Next Post