മെട്രോ വോക് വേയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; മലപ്പുറം സ്വദേശി ഗുരുതരാവസ്ഥയിൽ

 

കൊച്ചി : കൊച്ചി മെട്രോയുടെ എമർജൻസി വോക്ക് വേയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എൻ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയിൽ നിന്നാണ് യുവാവ് റോഡിലേക്ക് എടുത്തു ചാടിയത്. മലപ്പുറം തിരുരങ്ങാടി സ്വദേശി നിസാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ മെട്രോ സർവീസുകൾ തടസ്സപ്പെട്ടു.


റോഡിൽ വീണ നിസാറിന്റെ കൈ കാലുകൾ ഒടിഞ്ഞതായും തലയ്ക്ക് സാരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. എന്താണ് യുവാവ് ചാടാനുള്ള കാരണം വ്യക്തമല്ല. ഏറെ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിട്ടും യുവാവ് മെട്രോ ട്രാക്കിലേക്ക് നടന്ന് കയറിയത് എങ്ങനെയാണെന്ന് അറിയില്ല.


നിസാർ ട്രാക്കിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാൾ താഴേക്ക് ചാടിയാൽ രക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാർ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തിരുന്നു.

Previous Post Next Post