ന്യൂഡൽഹി: ഇന്ത്യ - യുഎസ് വ്യാപാര താരിഫ് തർക്കങ്ങൾക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ഇത് സംബന്ധിച്ച സൂചനകൾ പങ്കുവച്ചത്. സന്ദർശനത്തിന്റെ തിയ്യതിയിൽ ധാരണയായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.'ഇന്ത്യയും റഷ്യയും തമ്മിൽ, ദീർഘകാല ബന്ധമുണ്ട്, ഏറെ വിലപ്പെട്ട ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദർശനം ഉണ്ടാകും. തീയതികൾ ഏതാണ്ട് അന്തിമമായി എന്ന് ഞാൻ കരുതുന്നു,' എന്നായിരുന്നു അജിത്ത് ഡോവലിന്റെ പ്രതികരണം.
യുഎസ് ഇന്ത്യ വ്യാപാര താരിഫ് തർക്കങ്ങൾക്കിടെ പുരോഗമിക്കുന്ന അജിത്ത് ഡോവലിന്റെ റഷ്യൻ സന്ദർശനത്തിനിടെയാണ് പുടിന്റെ സന്ദർശനം സംബന്ധിച്ച പ്രതികരണം പുറത്തുവരുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഉൾപ്പെടെയുള്ള വ്യാപാര ബന്ധമായിരുന്നു ഇന്ത്യ യുഎസ് വ്യാപാര ബന്ധത്തിൽ നിലപാട് മാറ്റാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇന്ത്യയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കാൻ തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിരുന്നു.
അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും തമ്മിൽ ഉടൻ കൂടിക്കാഴ്ച ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ അധികൃതരാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. കൂടിക്കാഴ്ചയുടെ വേദി സംബന്ധിച്ച് ഉൾപ്പെടെ ധാരണയായിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റഷ്യൻ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.