കോളുകൾ മുൻകൂട്ടി സെറ്റ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്, എങ്ങനെ എന്നറിയാം

 

ന്യൂഡൽഹി: കോൾ ഫീച്ചറിൽ നിർണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ജോലി സംബന്ധമായതോ അല്ലെങ്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോൾ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങൾ സുഗമവും കൂടുതൽ ആകർഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ഗ്രൂപ്പ് കോളുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോൾ ആരംഭിക്കാൻ പോകുമ്പോൾ എല്ലാവർക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളിൽ പുതുതായി ഇൻ-കോൾ ഇന്ററാക്ഷൻ ടൂളുകൾ ലഭ്യമാണ്. ഇമോജികൾ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങൾ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.


കോൾസ് ടാബിൽ കോളിൽ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്നു, കൂടാതെ ഇൻവൈറ്റ് ലിങ്കുകൾ പങ്കിടാൻ സാധിക്കും. ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിൻ ചെയ്യുമ്പോൾ കോൾ ക്രിയേറ്റേഴ്‌സിന് അലേർട്ടുകളും ലഭിക്കും. എല്ലാ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെ സുരക്ഷിതമാണ്. പുതിയ അപ്‌ഡേറ്റുകൾ ആഗോളതലത്തിൽ ലഭ്യമായി തുടങ്ങി, വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും ഇതെത്തുമെന്നാണ് റിപ്പോർട്ട്.


വാട്‌സ്ആപ്പിൽ ഒരു കോൾ എങ്ങനെ ഷെഡ്യൂൾ ചെയ്യാം


വാട്‌സ്ആപ്പിൽ കോൾ ഷെഡ്യൂൾ ചെയ്യാൻ, ആപ്പ് തുറന്ന് കോൾസ് ടാബിലേക്ക് പോകുക. കോൾ ഐക്കണിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് വിളിക്കേണ്ട കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോൾ ഉടൻ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂൾ കോൾ ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക, ഇത് വിഡിയോ കോളാണോ ഓഡിയോ കോളാണോ എന്ന് തെരഞ്ഞെടുക്കുക, സ്ഥിരീകരിക്കാൻ പച്ച ബട്ടൺ ടാപ്പ് ചെയ്യുക. ഷെഡ്യൂൾ ചെയ്ത കോൾ നിങ്ങളുടെ കോൾ ലിസ്റ്റിൽ ദൃശ്യമാകും.

Previous Post Next Post