'കേരള പൊലീസിലെ 60 ശതമാനവും മോദി ഫാൻസ്'; ശോഭയെ വിളിച്ചത് ആര്? അന്വേഷണം

തൃശൂർ: തൃശൂരിൽ ബിജെപി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ മുൻനിർത്തി സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. മാർച്ച് നടക്കുന്നതിന് തൊട്ടുമുൻപായി പൊലീസിൽ നിന്ന് ശോഭാ സുരേന്ദ്രനെ ആരാണ് വിളിച്ചതെന്നാണ് അന്വേഷിക്കുന്നത്.


'വീട്ടിൽ നിന്നിറങ്ങും മുൻപു ഫോൺ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തയാറായി നിൽക്കുകയാണ്. പനിയോ ചെവിയിൽ അസുഖം ഉണ്ടെങ്കിലോ മുന്നിൽ നിൽക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസിൽ 60 ശതമാനം പേരും മോദി ഫാൻസാണ്. ഇവരെല്ലാം ബിജെപി അനുഭാവികളാണ്'- ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ആ വിവരം നൽകിയ പൊലീസിനെ കണ്ടെത്തണമെന്ന നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.


പിണറായി വിജയനെ കാണുമ്പോൾ അരിവാള് പോലെ നട്ടെല്ല് വളയുന്ന പൊലീസുകാരെക്കൊണ്ട് ഞങ്ങൾ സല്യൂട്ട് അടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. വ്യത്യസ്ത പാർട്ടി അനുഭാവികളായ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സേനയിലുണ്ട്. എന്നാൽ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളിൽ കഴിഞ്ഞകാലങ്ങളിൽ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഈ ഉദ്യോഗസ്ഥരെയാണ് സംശയം.


ബിജെപിക്കാർക്ക് വിവരം നൽകിയ പൊലീസുകാരനെ കണ്ടെത്താൻ രഹസ്വാന്വേഷണ വിഭാഗം അന്വേഷണം തുടരുമ്പോൾ തന്നെ മറ്റൊരു പൊലീസുകാരനെ കണ്ടെത്താൻ ബിജെപിയും അന്വേഷണം നടത്തുന്നുണ്ട്. തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സിറ്റി ജില്ലാപ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരെ കണ്ടെത്താനാണ് ഈ അന്വേഷണം. മാസ്‌കുധരിച്ച പൊലീസുകാരന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്റർ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആളെ ഇതുവരെ കണ്ടുപിടിക്കാൻ ബിജെപിക്ക് ആയിട്ടില്ല.

Previous Post Next Post