സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനില്‍ ഒരുക്കിയ 'അറ്റ്ഹോം' വിരുന്നു സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് വൈകീട്ട് നടന്ന പരിപാടിയില്‍ ആരും പക്ഷേ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്തു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണ് വിരുന്ന് ബഹിഷ്കരണം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്കിടെ രാജ്ഭവനിലെ വിരുന്ന് സത്കാരത്തിനായി സർക്കാർ 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. പൗര പ്രമുഖർക്കാണ് ഗവർണർ വിരുന്നൊരുക്കിയത്. ചെലവു ചുരുക്കല്‍ നിർദ്ദേശങ്ങളില്‍ ഇളവു വരുത്തി ഹോസ്പിറ്റാലിറ്റി ചെലവായി വകയിരുത്തിയാണ് ധന വകുപ്പ് തുക അനുവദിച്ചത്.