ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൻറെയും വോട്ട് മോഷണ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷത്തിൻറെ ഇംപീച്ച്‌മെന്റ് നീക്കം. രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയിൽ ഇംപീച്‌മെന്റ് നീക്കത്തെ കുറിച്ചുള്ള ആലോചനകൾ ആരംഭിച്ചത്.
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ കക്ഷി നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ ഇംപീച്ച്‌മെന്റ് നീക്കം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം ഉന്നയിച്ച വിഷയങ്ങൾ പാടെ തള്ളുന്നതായിരുന്നു ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയ വാർത്താസമ്മേളനം. അരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകുകയോ മാപ്പു പറയുകയോ ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് നീക്കം.
പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉറപ്പായാൽ മാത്രമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങാനാവുകയുള്ളു. ഈ പിന്തുണ ഉറപ്പിക്കുക എന്നതായിരിക്കും നടപടി ക്രമങ്ങളിൽ പ്രതിപക്ഷത്തിന് മുന്നിലുള്ള ആദ്യ കടമ്പ.