തിരുവനന്തപുരം: വെല്ലുവിളികളുടെയും വാക്‌പോരിന്റെയും അലയൊലികൾ തീരുംമുൻപ് വെള്ളാപ്പളി നടേശനുമായി സമാവായ നീക്കത്തിന്റെ സൂചന നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദങ്ങളുടെ പശ്ചാത്തലത്തിലും വെള്ളാപ്പള്ളി നടേശനുമായി പിണക്കമില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ചതയദിനത്തിൽ എസ്എൻഡിപി പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ചതയ ദിനത്തിൽ രണ്ട് പരിപാടികൾക്ക് ക്ഷണമുണ്ട്. ഇതിൽ എറണാകുളത്തെ പരിപാടികളിൽ പങ്കെടുക്കും എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ടാഴ്ച മുൻപ് വി ഡി സതീശന്റെ നേതൃത്വത്തെ വിമർശിച്ചും വ്യക്തിപരമായി കടന്നാക്രമിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന് 98 സീറ്റ് കിട്ടിയാൽ താൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇതിന് മറുപടി പറഞ്ഞ വി ഡി സതീശൻ യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിഡി സതീശൻ ഈഴവ വിരോധിയാണെന്നുൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു വെള്ളാപ്പളളി ഉയർത്തിയിരുന്നത്. ഈഴവനായ കെ സുധാകരനെ ഒതുക്കി, സതീശൻ മുഖ്യമന്ത്രിയാകാൻ നടക്കുകയാണെന്നും സ്ഥാനം ഉറപ്പിക്കാനാണ് സതീശന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. സതീശൻ തന്നെ ഗുരുധർമം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി സതീശന് തന്നെ കണ്ണെടുത്താൽ കണ്ടുകൂടെന്നും മൂവാറ്റുപുഴയിൽ എസ്എൻഡിപി നേതൃയോഗത്തിൽ പറഞ്ഞിരുന്നു.