ആർക്കും തിരഞ്ഞെടുക്കാവുന്ന ഒരു വ്യായാമ രീതിയാണ് നടത്തം. ദിവസം അയ്യായിരം മുതൽ പതിനായിരം വരെ ചുവടുകൾ നടക്കുന്നവരുണ്ട്. ഏഴായിരം വരെ ചുവടുകൾ നടക്കുന്നത് ആരോഗ്യത്തെ പല രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഹൃദയത്തിനും തലച്ചോറിനും മികച്ചതാണെന്നും സമീപകാല പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ തിരിക്കിനിടെ ചുവടുകൾ എണ്ണി നടക്കാൻ ആർക്കാണ് സമയം?
നടത്തം വ്യായാമമാക്കാൻ ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു വൈറൽ ജാപ്പനീസ് ടെക്നിക് ആണ് ജാപ്പനീസ് ഇൻറർവെൽ വാക്കിങ്. തുടക്കാർ മുതൽ ഫിറ്റ്നസ് ഫ്രീക്കുകൾക്ക് വരെ ജാപ്പനീസ് ഇൻറർവെൽ വാക്കിങ് അനുയോജ്യമാണ്. ദിവസവും അര മണിക്കൂർ നീണ്ടു നിൽക്കുന്ന, മൂന്ന് മിനിറ്റ് വേഗത്തിലുള്ള നടത്തവും മൂന്ന് മിനിറ്റ് മെല്ലെയുള്ള നടത്തവും ഉൾപ്പെടുന്നതാണ് ജാപ്പനീസ് ഇൻറർവെൽ വാക്കിങ് ടെക്നിക്.
പരിക്കുകളിൽ നിന്ന് സുഖപ്പെട്ട് വരുന്നവർക്കും പ്രായമായവർക്കും ജാപ്പനീസ് ഇൻറർവെൽ വാക്കിങ് വളരെ ഗുണകരമായിരിക്കും. നടത്തത്തിൻറെ പാറ്റേൺ മാറുന്നതനുസരിച്ച്, ശ്വാസമെടുക്കുന്ന ക്രമീകരിക്കാനും പെട്ടെന്നുള്ള തളർച്ചയും ക്ഷീണവും ഒഴിവാക്കാൻ സഹായിക്കും.
ജാപ്പനീസ് ഇൻറർവെൽ വാക്കിങ് ടെക്നിക് എങ്ങനെ ചെയ്യാം
വാം അപ്പ് ആയി മെല്ലെയുള്ള നടത്തത്തോടെ ആരംഭിക്കുക. ശേഷം മൂന്ന് മിനിറ്റ് കൈകൾ നന്നായി വീശീ ശ്വാസമെടുക്കുന്നത് വേഗത്തിലാക്കി നടക്കുക. ഇതിനെ ഫാസ്റ്റ് ഫേസ് എന്ന് പറയുന്നു. മൂന്ന് മിനിറ്റിന് ശേഷം നടത്തം മെല്ലെയും ശ്രദ്ധിച്ചുമാക്കുക. ഇതിനെ സ്ലോ ഫേസ് എന്ന് വിളിക്കുന്നു. അര മണിക്കൂർ ഇത് മാറി മാറി ആർത്തിക്കുക.
ജാപ്പനീസ് ഇൻറർവെൽ വാക്കിങ്ങിന് പ്രത്യേക സജ്ജീകരണങ്ങളുടെ ആവശ്യമില്ല. മാത്രമല്ല, നമ്മുടെ ഇഷ്ടപ്രകാരം രാവിലെയോ ഉച്ചയ്ക്കോ വൈകുന്നേരമോ ചെയ്യാവുന്നതാണ്.