കോഴിക്കോട്: നഗരമധ്യത്തിൽ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ. കോഴിക്കോട് മാവൂർ റോഡിൽ ഔറോട് ജംഗ്ഷന് സമീപത്താണ് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽത്തല്ലിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ബേപ്പൂർ - മെഡിക്കൽ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്. റോഡിൽവച്ച് പരസ്പരം തർക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രദേശത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തിൽ ഇതുവരെ ഇരു സംഘവും പരാതി നൽകിയിട്ടില്ല. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. ബസുകളും കസ്റ്റഡിയിലെടുത്തു.