കൊച്ചി: വൈകിയെത്തിയ വിദ്യാർഥിയെ സ്‌കൂൾ അധികൃതർ ഇരുട്ടുമുറിയിൽ അടച്ചെന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം. വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്‌കൂൾ അധികൃതർ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയെന്നും വിഷയം അന്വേഷിച്ച രക്ഷിതാക്കളോട് മോശമായി പെരുമാറിയെന്നുമാണ് ആക്ഷേപം.
കുട്ടിയെ വൈകിയെത്തിയതിന്റെ പേരിൽ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ശേഷം ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ഇരുത്തി. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തെന്നാണ് ആക്ഷേപം. കുട്ടിയുടെ ടിസി തന്നുവിടുമെന്ന് അധികൃതർ പറഞ്ഞതായും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂൾ അധികൃതരുമായി തർക്കമുണ്ടാവുകയും ചെയ്തു. സ്‌കൂൾ പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണെന്നും ശിക്ഷിച്ചിട്ടില്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ വാദം.
അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം മന്ത്രി നൽകി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും വി ശിവൻകുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ 'ഇനി വൈകിയെത്തരുത്' എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കുറിപ്പിൽ അറിയിച്ചു.
പ്രാഥമിക വിവരം അനുസരിച്ച് സംഭവം നടന്നത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ കുറഞ്ഞുവരുന്നത്. അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തത് ഇതിനൊരു കാരണമായിരിക്കാം. മറ്റ് സ്ട്രീമുകളിലെ അധ്യാപകർക്കും കൃത്യമായ പരിശീലനം നിർബന്ധമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.