തൃശൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ മെത്രോപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത ആസ്ഥാനത്ത് കുടിക്കാഴ്ചയ്‌ക്കെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറോട് ഇക്കാര്യം ആവശ്യപ്പെട്ടതായി ആൻഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ അമർഷവും വേദനയും ഉണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപതയിൽ എത്തിയതെന്നും എല്ലാവിവരങ്ങളും അദ്ദേഹത്തെ അറിയിച്ചതായും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
ഭരിക്കുന്ന പാർട്ടിയായതുകൊണ്ടാണ് ബിജെപിക്കാരുമായി ബന്ധപ്പെട്ടത്. സംഭവമുണ്ടയാതിന് പിന്നാലെ താൻ വിവരം രാജീവ് ചന്ദ്രശേഖറെ വിളിക്കുകയും അദ്ദേഹം ആവശ്യമായ സഹായം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ എംപിയെയും മറ്റ് രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും വിളിച്ചിരുന്നു. അവരും നല്ലരീതിയിൽ ഇടപെട്ടു. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഇന്ത്യൻ പൗരൻമാർ എന്ന നിലയിൽ ജീവിക്കാൻ സ്വാതന്ത്ര്യം കിട്ടണമെന്നും സമീപകാലങ്ങളിലായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമങ്ങൾ രാജീവ് ചന്ദ്രശേഖറെ അറിയിച്ചതായും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കഴിയുമെങ്കിൽ ഇന്ന് തന്നെ കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ മോചനം രണ്ടുദിവസം വൈകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് ദിവസങ്ങൾക്ക് മുൻപ് മാർ ആൻഡ്രൂസ് സഹായം അഭ്യർഥിച്ച് വിളിച്ചിരുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അന്നുമുതൽ ഇന്നുവരെ അത് പരിഹരിക്കാനുമാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടിരുന്നു. അവർ മോചനം ഉറപ്പുതന്നതായും ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ചിലർ ഇതിനെ രാഷ്ട്രീയ വത്കരിക്കുകയാണ്. ബിജെപി ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനില്ല. അവരെ സഹായിക്കുന്നത് ജാതിയോ മതമോ വോട്ടോ നോക്കിയല്ലെന്നും രാജീവ് പറഞ്ഞു.