റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ നന്ദി പറഞ്ഞ് കന്യാസ്ത്രീകളുടെ കുടുംബം. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കേരളം കാത്തിരുന്ന വിധിയാണെന്ന് രാഷ്ട്രീയ നേതാക്കളും പ്രതികരിച്ചു. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
'ജാമ്യം ലഭിക്കാനായി പ്രാർഥിച്ച എല്ലാവർക്കും നന്ദി. കേരളത്തിലെ ജാതി മത ഭേദമന്യേ അവരുടെ ജാമ്യത്തിനായി പ്രാർഥന നടത്തി. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇടപെട്ടു. ആരുടെയും പേര് എടുത്തുപറയുന്നില്ല. എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി' അറസ്റ്റിലായ കന്യാസ്ത്രീയുടെ സഹോദരൻ പറഞ്ഞു.
എല്ലാവരും ആഗ്രഹിച്ച നിമിഷമാണ് ഇതെന്നായിരുന്നു അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ പ്രതികരണം. ഇവരുടെ വിഷമം എല്ലാദിവസവും തങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ജാമ്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരെ എടുത്ത കേസ് എത്രയും വേഗം റദ്ദ് ചെയ്യണമെന്ന് ജോൺബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം ലഭിക്കുംവരെ ഇവിടെ നിൽക്കുമെന്ന് കന്യാസ്ത്രീകൾക്ക് ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എമ്പാടുമുള്ള ജനങ്ങളുടെ പ്രാർഥനയുടെ ഫലം കണ്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ജാമ്യം ലഭിച്ചതിൽ സന്തോഷം ഉണ്ട്. നീതിയും ന്യായവും അവരുടെ ഭാഗത്തായിട്ടുപോലും ഛത്തീസ്ഗഡ് സർക്കാർ അവരെ വേട്ടയാടിയതായും അദ്ദേഹം പറഞ്ഞു. ഒൻപത് ദിവസമായി ഇന്ത്യ കണ്ട പ്രത്യേക പോരാട്ടമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്നും കെസി പറഞ്ഞു.
എല്ലാവർക്കും നന്ദി പറയുന്നുവെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക മേഖലയിലെ വിവിധ വ്യക്തികൾ ജാമ്യം ലഭിക്കാൻ ഒന്നിച്ചുപ്രവർത്തിച്ചു. വേണ്ട രീതിയിൽ ഇടപെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾകക്ക് നന്ദി. കേസ് എത്രയും വേഗം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭരണഘടനപ്രകാരം നൽകപ്പെട്ട മതസ്വാതന്ത്യം ധ്വംസിക്കപ്പെടരുത്. ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനമാണ് രാജ്യത്തെ വിവിധ ഇടങ്ങളിൽ കാണുന്നത്. ക്രിസ്ത്യൻ സമൂഹം നിർബന്ധിത മതപരിവർത്തനം നടത്തുന്നില്ല. പൗരൻമാർ എന്നനിലയിൽ ഭരണഘടന അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ആവശ്യമായ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. കോടതി ഉത്തരവ് ജയിലിൽ എത്തുന്നതോടെ ഇവർ ജയിൽ മോചിതരാകും.