കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗൺ ജുമാ മസ്ജിദിൽ വൈകുന്നേരം 4 മണി മുതൽ അഞ്ചര വരെയുള്ള പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയോടെയാണ് കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് ജീവനക്കാർ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. റൂമിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടൽ ജീവനക്കാരും സഹപ്രവർത്തകരും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിന് എത്തിയതായിരുന്നു നവാസ്. ഇന്നലെ ഷൂട്ടിങ് അവസാനിച്ച് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു.
1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും നായകനും സഹനടനുമായി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയർ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നടി രഹനാ നവാസാണ് ഭാര്യ.