അയ്യപ്പസംഗമം സംഘടിക്കാൻ കേരള സർക്കാർ; ലക്ഷ്യം ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കൽ

തിരുവനന്തപുരം: തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീർത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും വിശാല പദ്ധതിയുമായി സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സെപ്റ്റംബർ മൂന്നാം വാരം സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ദേവസ്വം ബോർഡ് 75-ാം വാർഷികത്തിന്റെ കൂടി ഭാഗമായി പമ്പയിൽ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ പങ്കെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


കേരളത്തിൽ ആദ്യമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തരെ ഒരു വേദിയിൽ കൊണ്ടുവരും. 3000 പ്രതിനിധികളെ സംഗമത്തിൽ പ്രതീക്ഷിക്കുന്നു. വിവിധ സെഷനുകൾ ഒരു ദിവസത്തെ ആഗോള സംഗമത്തിൽ ഉണ്ടാകും. സെപ്റ്റംബർ 16 നും 21 നും ഇടയിലാണ് പരിപാടി ഉദ്ദേശിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് തലേദിവസം എത്തി ദർശനം നടത്തിയ ശേഷം സംഗമത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്ന രൂപത്തിലാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്. 3000 പേർക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനായി പമ്പയിൽ തീർത്ഥാടന കാലത്ത് ഉണ്ടാക്കുന്നതുപോലെയുള്ള ഒരു ജർമ്മൻ പന്തൽ നിർമ്മിക്കും. ഭാവിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ കൂട്ടായ്മകളുടെ തുടക്കമാണ് ഈ സംഗമമെന്നു മന്ത്രി പറഞ്ഞു.


കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവങ്ങളിൽ ഏകദേശം 53 ലക്ഷത്തിലധികം തീർത്ഥാടകർക്ക് പരാതികളില്ലാതെ ദർശനം ഉറപ്പാക്കാൻ കഴിഞ്ഞത് പൊതുവേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഈ അനുഭവം മുൻനിർത്തി ഭാവിയിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംഗമത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കാനും അവസരം നൽകും. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികൾ ഭക്തരുടെ മുന്നിൽ അവതരിപ്പിക്കുകയും, അവയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.


മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാര്‍ രക്ഷാധികാരികളായും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തും. പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കകം പമ്പയില്‍ ഒരു സ്വാഗത സംഘം വിളിച്ചു ചേര്‍ക്കാനും പരിപാടിയുടെ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിന്റെ ആലോചന യോഗം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്നു. മന്ത്രിമാരായ സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, എം എല്‍ എ മാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജെനീഷ് കുമാര്‍, എഡിജിപി എസ് ശ്രീജിത്ത്, പത്തനംതിട്ട കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, കമ്മീഷണര്‍ പ്രകാശ് സി വി, വിവിധ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Previous Post Next Post