പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിർദേശവുമായി സർക്കാർ പ്രതിനിധി, വീണ്ടും ചർച്ച

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചർച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സർക്കാർ പ്രതിനിധി വേലപ്പൻ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിർദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് മറ്റ് അംഗങ്ങൾ തയ്യാറായില്ല.


നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തിൽ വേലപ്പൻ നായർ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം​ഗങ്ങൾ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തിൽ വിഷയം ചർച്ചചെയ്യാമെന്ന് പറഞ്ഞ് നിർദേശം മാറ്റിവെച്ചു.


ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂർ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂർ രാജകുടുംബം ദേവപ്രശ്‌നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്‌നത്തിൽ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.


തുടർന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോൾ, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി നിർദേശിച്ചിരുന്നില്ല. വിവാദ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടു വരുന്നതിൽ ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുയർന്നിട്ടുണ്ട്.

Previous Post Next Post