ആലപ്പുഴ: മാന്നാർ ചെന്നിത്തലയിൽ തെരുവുനായ്ക്കൾ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങിൽ ഷോബിൻ ഫിലിപ്പിന്റെ ഫാമിലെ അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നത്. എട്ടു മാസം പ്രായമുള്ളതും മുട്ട ഇട്ടു തുടങ്ങിയതുമായ താറാവുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്.
മുട്ടകൾ ശേഖരിക്കാൻ ഇന്നലെ പുലർച്ചയോടെ ഷെഡിൽ എത്തിയപ്പോഴാണ് ഷോബിൻ താറാവുകൾ കൂട്ടത്തോടെ ചത്തു കിടക്കുന്നത് കാണുന്നത്. പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിരുന്ന വലിയ ഷെഡിൽ ഉണ്ടായിരുന്ന എണ്ണൂറോളം താറാവുകളിൽ അവശേഷിച്ചത് അർദ്ധ പ്രാണരായ ഏതാനും താറാവുകൾ മാത്രമായിരുന്നു. കഴിഞ്ഞ ഡിസംമ്പറിൽ മുട്ട വിരിക്കുന്ന യന്ത്രത്തിൽ വിരിയിച്ച് ആവശ്യമായ പ്രതിരോധ മരുന്നുകളും തീറ്റയും നൽകി വളർത്തി വലുതാക്കിയ മുട്ടത്താറാവുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ താറാവ് രോഗത്താൽ എണ്ണായിരത്തോളം താറാവുകളാണ് ഈ കർഷകന് നഷ്ടമായത്.ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാത്ത കൃഷിയാണ് താറാവുകൃഷിയെന്നും രോഗത്താലോ ഇത്തരം അക്രമത്താലോ താറാവുകൾ ചത്തുപോയാൽ ഒരു സഹായവും കിട്ടാറില്ലന്ന് ഷോബി പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ പണയം വച്ചും ബാങ്ക് വായ്പകളിലൂടെയുമാണ് താറാവ് കൃഷി നടത്തുന്നതെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ഷോബി വിതുമ്പി.