കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ ഉത്തരേന്ത്യൻ മോഡൽ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിയെടുത്ത സംഭവത്തിൽ ആറംഗ സംഘത്തെ റെയിൽവേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളുമുണ്ട്.
ട്രെയിനിന്റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവർ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങൾ കവരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം കവർച്ചാസംഘങ്ങളുള്ളത്. ഇത്തരം കവർച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവർച്ചാശ്രമം നടന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേർന്നുനിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി.