'സംഭവിച്ചത് ​ഗോ എറൗണ്ട്; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല'; അടിയന്തര ലാൻഡിങിൽ വിശദീകരണവുമായി എയർ ഇന്ത്യ

ചെന്നൈ : വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി  എയർ ഇന്ത്യ . റഡാറുമായുള്ള ബന്ധം തകരാറിലായതോടെയാണ് വിമാനം വഴി തിരിച്ചു വിട്ടത്. അടിയന്തര ലാൻഡിങ്ങിൽ സുരക്ഷാ വീഴ്ചയില്ല. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശപ്രകാരമാണ് ആദ്യ ലാൻഡിങ് ഒഴിവാക്കിയതെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നു.



'സംഭവിച്ചത് ​ഗോ എറൗണ്ട് ആണ്. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്'. വിമാനത്തിന്റെ തകരാർ പരിഹരിച്ചു എന്നും എയർ ഇന്ത്യ വ്യക്തമാക്കി. ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിങ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് എംപിമാർ പറഞ്ഞിരുന്നത്. 5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.


തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കിയത്. റഡാറിലെ തകരാറിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്‌. വിമാനത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ കെ സി വേണു​ഗോപാൽ , അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരടക്കം മൊത്തം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ മുഴുവൻ യാത്രക്കാർ സുരക്ഷിതരാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

Previous Post Next Post