'ലക്ഷ്യം സാമുദായിക ധ്രുവീകരണം', കോളജുകളിൽ വിഭജനഭീതി ദിനം ആചരിക്കില്ല; ഗവർണറുടെ നിർദേശം തള്ളി സർക്കാർ

തിരുവനന്തപുരം: സർവകലാശാലകൾ ഓഗസ്റ്റ് 14 'വിഭജനഭീതി ദിനം' ആയി ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആഹ്വാനം തളളി സർക്കാർ. വിഭജനഭീതി ദിനം ആചരിക്കേണ്ടതില്ലെന്ന് സർക്കാർ സംസ്ഥാനത്തെ കോളജുകൾക്ക് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റേതാണ് നിർദേശം.


ഗവർണറുടെ നിർദേശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച മന്ത്രി ഇത്തരം ഒരു ദിനാചരണത്തിലൂടെ സാമുദായിക ധ്രുവീകരണമാണ് ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. വർഗീയതയും വിദ്വേഷവും ലക്ഷ്യവച്ചുള്ള ആർഎസ്എസ് തന്ത്രങ്ങളുടെ ഭാഗമാണ് ദിനാചരണം എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വിമർശനം ഉന്നയിച്ചികുന്നു. കേരളത്തിലെ സർവകലാശാലകളിൽ 'വിഭജനഭീതി ദിനം' ആചരിക്കണമെന്ന ഗവർണറുടെ നിർദേശം കലാലയ സമൂഹം തള്ളിക്കളയണമെന്ന് മന്ത്രി ആർ ബിന്ദു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് കോളജുകൾക്കുള്ള സർക്കാർ നിർദേശം.


ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കാൻ ഗവർണർ സർവകലാശാല വൈസ് ചാൻസലർമാർക്ക് സർക്കുലർ നൽകിയത്. സർക്കുലർ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവന ഇറക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോൾ ആഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.


ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചാരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. ഭരണഘടനാ വിരുദ്ധമായ അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കിയിരുന്നു.

Previous Post Next Post